Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eldhose Kunnappilly

മയക്കുമരുന്നിന്‍റെ വ്യാപനം കൂടുതലാണ്, ഭായ് കോളനിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂരിലെ ഭായ് കോളനി മയക്കുമരുന്ന് മുക്തമാക്കാനും അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഭായ് കോളനിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

മയക്കുമരുന്നിന്‍റെ വ്യാപനം അവിടെ കൂടുതലാണ്. ഞാന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ അവിടെയുള്ളവരെല്ലാം അത് നേരത്തെ തന്നെ അടച്ചുപൂട്ടി പോയി. എല്ലാം അടച്ചിട്ടിരുന്നതിനാല്‍ കൃത്യമായി പരിശോധിക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും അവിടെ ലഹരി മുക്തമാക്കുകയും വേണമെന്നും എംഎല്‍എ വ്യക്തമാക്കി.

തൊട്ടടുത്ത പഞ്ചായത്തിലെ കുട്ടികള്‍ പറയുന്നുണ്ട് അവിടെ രാത്രികളില്‍ ആളുകൾ വരുന്നുണ്ട് എന്നൊക്കെ. അതിന്‍റെ അടിസ്ഥാനത്തില്‍ അവിടെ യുവാക്കള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടേക്ക് അവര് ചെല്ലുമ്പോള്‍ അനധികൃതമായി പ്രവേശിച്ചു എന്ന് പറഞ്ഞ് പോലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്.

ഇന്ന് കേരളത്തിന്‍റെ എല്ലാ ഭാഗത്തും മയക്കുമരുന്നും കഞ്ചാവും എംഡിഎംഎയും ഒക്കെ സുലഭമായി കിട്ടികൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ ഈ വിവരം ഞങ്ങള്‍ പലപ്പോഴായി പറഞ്ഞതാണ്. ഇതിനെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. എക്‌സൈസും പോലീസും മയക്കുമരുന്ന് വില്‍ക്കുന്നത് പിടിക്കുന്നുണ്ട്. കഞ്ചാവ് കേസില്‍ പിടിച്ചു കഴിഞ്ഞാലും അഞ്ചു മിനിറ്റിനുള്ളില്‍ അയാള്‍ ജാമ്യത്തില്‍ വരുന്ന അവസ്ഥയാണ്. കുറഞ്ഞ അളവില്‍ കഞ്ചാവും മയക്കുമരുന്നും കൈവശം വച്ചാല്‍ ജാമ്യം കിട്ടും എന്ന നിയമമുള്ളതു കൊണ്ട് അത് തുടരുകയാണ്.

ഭായ് കോളനി സ്ഥിതി ചെയ്യുന്നത് വാഴക്കുളം പഞ്ചായത്തിന്‍റെയും വെങ്ങോല പഞ്ചായത്തിന്‍റെയും മേഖലയില്‍ ആയാണ്. അവിടെ കെട്ടിടങ്ങള്‍ അനധികൃതമായി പണിത് രഹസ്യമായി ആളുകളെ താമസിപ്പിച്ചിരിക്കുകയാണ്. കക്കൂസ് മാലിന്യം പോലും അവിടെ പുറത്തേക്ക് തള്ളുന്ന അവസ്ഥയാണുള്ളത്. അനധികൃതമായി അറവുശാലയും അവിടെയുണ്ട്.

അവിടെ ഇനി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഞാനും ശ്രീനിജന്‍ എംഎല്‍എയും കൂടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അടിയന്തരമായി മീറ്റിംഗ് കൂടി മറ്റു നടപടികള്‍ കൈകൊള്ളും. ശനിയാഴ്ച താലൂക്ക് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ജില്ല ഓഫീസര്‍മാരും താലൂക്കിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റും ഈ മീറ്റിംഗില്‍ പങ്കെടുക്കും. അവിടെ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള തീരുമാനം ശനിയാഴ്ച എടുക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.

Latest News

Up